കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റെതാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

ക്രിമിനൽ അഭിഭാഷകൻ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹർജി നൽകിയിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്നാണ് രാഹുൽ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നതെന്നാണ് സൂചന. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. യുവതിയെ ഗർഭച്ഛിദ്രത്തിന് താൻ നിർബന്ധിച്ചിട്ടില്ല. തനിക്കെതിരായ പരാതി സിപിഎം- ബിജെപി ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആരോപിക്കുന്നുവെന്നാണ് വിവരം.

























