തിരുവനന്തപുരം: കോടതി ജാമ്യം നിഷേധിച്ചതോടെ ജയിലിലെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ അറിയിച്ചു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഏഴു ദിവസമായി രാഹുൽ ജയിലിലാണ്. രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്‌ഐആർ വിഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല.

അത്തരം വിഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ രാഹുൽ തയാറാണെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന രാഹുൽ ഈശ്വറിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടാൽ കുറ്റം ആവർത്തിക്കും. പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാഹുലിന്റെ നിരാഹാര സമരത്തെ കോടതി വിമർശിച്ചു. നിരാഹാരം പൊലീസിനെ സമ്മർദത്തിലാക്കാനാണ്. അനുവദിച്ചാൽ മറ്റ് തടവുകാരും ഇത് ആവർത്തിക്കുമെന്നും കോടതി പറഞ്ഞു.

























