ലഖ്‌നൗ: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. വിവാഹ ബന്ധത്തിന് യുവാവിന് ശാരീരികമായ കഴിവില്ലെന്ന് ഭർത്താവ് ആദ്യ രാത്രിയിൽ തന്നെ പറഞ്ഞുവെന്ന് വെളിപ്പെടുത്തിയാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടതെന്ന് ഗൊരഖ്പൂർ പൊലീസ് പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിൽ വരന് ഒരു കുട്ടിക്ക് ജൻമം നൽകാൻ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താൽ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറയുന്നു.

ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനൊപ്പം ജീവിതം ചെലവഴിക്കാൻ കഴിയില്ല. വിവാഹ രാത്രിയിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്, യുവതി പരാതിയിൽ പറയുന്നു. സമ്പന്ന കർഷക കുടുംബത്തിലെ ഏക മകനാണ് 25 കാരനായ യുവാവ്. ഗൊരഖ്പൂർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഇൻഡസ്ട്രിയൽ യൂണിറ്റിൽ എൻജിനീയറായി ജോലി ചെയ്യുന്നു. വധുവിന്റെ കുടുംബം താമസിക്കുന്ന ബെലിയാപറിലെ ബന്ധുക്കൾ വഴിയാണ് വിവാഹം നിശ്ചയിച്ചത്. ഈ വർഷം നവംബർ 28നായിരുന്നു വിവാഹം. ഡിസംബർ 1ന് വധുവിന്റെ പിതാവ് ഭർതൃവീട്ടിൽ മകളെ സന്ദർശിച്ചപ്പോഴാണ് വിവരം അറിയുന്നത്. വരന്റെ കുടുംബത്തെ അറിയിക്കാതെ ഉടൻ തന്നെ മകളെ വീട്ടിലേയ്ക്ക് പിതാവ് കൊണ്ടുവന്നു. വരന്റെ കുടുംബം ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. വരന്റെ രണ്ടാം വിവാഹമാണിത്. രണ്ട് വർഷം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ മുൻ ഭാര്യ ഉപേക്ഷിച്ചുപോയി. ഇരു കുടുംബങ്ങളും ഒരുമിച്ചാണ് വരനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നത്. മെഡിക്കൽ റിപ്പോർട്ടിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വിവാഹച്ചെലവായി നൽകിയ 7 ലക്ഷം രൂപയും എല്ലാ സമ്മാനങ്ങളും ഒരു മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു.

























