വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കൻ കേരളത്തിലെ 470 പഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതിൽ കണ്ണൂർ ജില്ലയിൽ 14 ഉം കാസർകോഡ് രണ്ടും വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റുവാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥർ പോളിങ്ങ് ബൂത്തുകളിൽ എത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രാവിലെ 6 മണിക്ക് മോക് പോളിങ്ങ് തുടങ്ങും. ഏഴ് ജില്ലകളിലായി 72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1,53,37,176 വോട്ടേഴ്‌സാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്. രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ 2106 പ്രശ്‌ന ബാധിത ബൂത്തുകളും 18 അതീവ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ഉള്ളത് കണ്ണൂരിലാണ്. 1025 ബൂത്തുകൾ. മലപ്പുറത്ത് 277 പ്രശ്‌നബാധിത ബൂത്തുകളും 18 അതീവ പ്രശ്‌നബാധിത ബൂത്തുകളും ഉണ്ട്. വയനാട്ടിൽ 64ഉം കാസർകോട് ഒൻപതും കോഴിക്കോട് ജില്ലയിൽ 731 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്.