‘ഗുളിക നൽകിയത്‌ അതിജീവിത ആവശ്യപ്പെട്ടത് പ്രകാരം’; ജാമ്യാപേക്ഷ നൽകി രാഹുലിന്റെ സുഹൃത്ത് ജോബി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുലിന്റെ അടുത്ത സുഹൃത്തും അടൂർ സ്വദേശിയായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഗർഭച്ഛിദ്രം നടത്താനുള്ള ഗുളിക യുവതി ആവശ്യപ്പെട്ടത് പ്രകാരം എത്തിച്ച് നൽകിയെന്നാണ്‌ ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹർജിയിൽ പറയുന്നു. ഇത് സംബന്ധിച്ച ചാറ്റുകളും കോടതിയിൽ ഹാജരാക്കി.

നിർബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെതിരേ കേസെടുത്തത്. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്തായ ജോബിയാണ് ഈ ഗുളികകൾ എത്തിച്ചു നൽകിയതെന്നുമാണ് പോലീസിന് നൽകിയ 20 പേജ് വരുന്ന മൊഴിയിൽ അതിജീവിത പറയുന്നത്. ഗുളിക കഴിച്ച വിവരം രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയുണ്ട്. വലിയമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ രാഹുലിനെതിരെ വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിത ഭ്രൂണഹത്യ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കും.