ചലച്ചിത്രമേളയിൽ സിനിമകൾ വിലക്കിയത് ഫാസിസ്റ്റ് നടപടി ; മധുപാൽ

തിരുവനന്തപുരം: കേരള അന്താരാഷ്ട ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ.) സിനിമകൾ വിലക്കിയത് ഫാസിസ്റ്റ് നടപടിയാണെന്ന് നടൻ മധുപാൽ. ലോകോത്തര നിലവാരമുള്ള സിനിമകളാണ് മേളയിൽ വിലക്ക് നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കേർപ്പെടുത്തിയ ചിത്രങ്ങളുടെ പ്രതിനിധികളോട് ചലച്ചിത്ര അക്കാദമി എന്തുപറയും എന്നതാണ് പ്രധാന ചോദ്യമെന്ന് മധുപാൽ മാതൃഭൂമിയോട് പറഞ്ഞു. ഈ നടപടിയിലൂടെ കേരളത്തിന്റെ ചലച്ചിത്ര പ്രവർത്തനങ്ങളെ അപമാനിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ന കാരണങ്ങളാൽ ഈ സിനിമ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് ഓക്കെ, എന്നാൽ ഇതിന് പെർമിഷൻ ഇല്ല എന്ന മനോഭാവം വളരെ കൃത്യമായിട്ടുള്ള ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറുന്നതിന് തുല്യമാണ്. ഞാൻ ഇതിനെ കാണുന്നത് ഒരു ഫാസിസ്റ്റ് ആറ്റിറ്റ്യൂഡ് പോലെയാണ്.’ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ആൾക്കാർ മേളയിൽ വരുമ്പോൾ, എന്ത് കാരണം കൊണ്ടാണ് ചിത്രം മാറ്റി നിർത്തിയതെന്ന് അവരോട് പറയണം.

അത്തരമൊരു വിശദീകരണം നൽകാനില്ലെങ്കിൽ, അത് രാജ്യത്തിന്റെ മുമ്പിലേക്ക് നമ്മൾ മോശക്കാരാകുന്നതിന് തുല്യമല്ലേ എന്നും മധുപാൽ ചോദിച്ചു.’ബീഫ്’ എന്ന് സബ്‌ടൈറ്റിൽ ഉള്ള ഒരു സിനിമ വരെ മേളയിൽ നിന്ന് മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സിനിമ ബീഫിനെക്കുറിച്ചോ, ബീഫിന്റെ കാര്യങ്ങളെക്കുറിച്ചോ, പശുവിനെക്കുറിച്ചോ ഒന്നും തന്നെയല്ല സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.