കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ. മൃതദേഹം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.

ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉൾപ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. അസുഖബാധിതനായ ശ്രീനിവാസൻ ഏറെനാളായി കണ്ടനാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇടയ്ക്ക് പൊതുപരിപാടികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അടുത്തിടെയുണ്ടായ വീഴ്ചയ്ക്കുശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ടായി.


മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. മൂത്ത മകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തും.























