സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാരം. എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി മോഹൻ ലാൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.

ഇന്നലെ രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം.

മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ശ്രീനിവാസനെ തേടിയെത്തി.

വിമല ശ്രീനിവാസനാണ് ഭാര്യ. അഭിനേതാക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മക്കൾ. മ