അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തെന്നിന്ത്യൻ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചെങ്കിലും എത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള വീട്ടിലെത്തി ആദരമർപ്പിക്കുകയായിരുന്നു. കുഞ്ഞുനാൾ മുതൽ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയിൽ ഞാൻ വരുന്നതിന് മുൻപേ അദ്ദേഹത്തിന്റെ സൃഷ്ടികൾ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാർത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടിൽ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകൾ, പഠിപ്പിച്ച കാര്യങ്ങൾ, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നൽകിയതെല്ലാം എല്ലാക്കാലവും ഓർമിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു – സൂര്യ പറഞ്ഞു.

കണ്ടനാടുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്കാണ് ശ്രീനിവാസന്റെ സംസ്കാരം. എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി മോഹൻ ലാൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.


ഇന്നലെ രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.























