ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ കാലം. ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. സ്വർണത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല.

കേരളത്തിൽ ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി.18 കാരറ്റ് സ്വർണം, വെള്ളി വിലകളും പുത്തൻ ‘ആകാശം’ തൊട്ടു. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയാണ്. രാജ്യാന്തര തലത്തിൽ സ്വർണത്തിന് കിട്ടുന്ന അതേ ‘സുരക്ഷിത നിക്ഷേപ’ പെരുമ വെള്ളിക്കും കിട്ടുന്നുണ്ട്.

























