ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി? അന്വേഷണം ചെന്നൈയിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വ്യവസായിയുടെ മൊഴിയിൽ പറയുന്ന ചെന്നൈ സ്വദേശിയായ ഡി.മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. മൊഴിയെടുക്കാനായി എസ്ഐടി സംഘം ചെന്നൈയിലേക്ക് പോയി. ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി.മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശി വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി.

കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയാണ് ദുബായിലെ വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന വിവരം എസ്ഐടിയെ രേഖാമൂലം അറിയിച്ചത്. തുടർന്നാണ് വ്യവസായിയുടെ മൊഴിയെടുത്തത്. 2019– 20 ൽ ആണ് വിഗ്രഹങ്ങൾ കടത്തിയതെന്നു വ്യവസായി എസ്ഐടിയെ അറിയിച്ചു. ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതൻ നേതൃത്വം നൽകി. 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി. രാജ്യാന്തരസംഘമാണ് ഇതിനു പിന്നിൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയായിരുന്നു ഇതിനും ഇടനില. 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് പണം കൈമാറ്റം നടന്നതെന്നും ഡി.മണിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഉന്നതനും മാത്രമാണ് പങ്കെടുത്തതെന്നും മൊഴിയിൽ പറയുന്നു. മൊഴി വിശ്വസിക്കാനാകുമോയെന്നുള്ള പ്രാഥമിക പരിശോധനയിലാണ് എസ്ഐടി.