തിരുവനന്തപുരം മേയർ : ബിജെപിയിൽ തർക്കം

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലി ബിജെപിയിൽ തർക്കം തുടരുന്നതായി സൂചന. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ശ്രീലേഖയെ മേയറാക്കുന്നതിൽ ബിജെപി കൗൺസലർമാർക്കിടയിൽ ഭിന്നത ഉള്ളതായാണ് റിപ്പോർട്ട്. ആർഎസ്എസ് നേതൃത്വം വി വി രാജേഷിനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സൂചന. സിപിഎമ്മിന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗര ഭരണ തലപ്പത്തേക്ക് രാഷ്ട്രീയ രംഗത്തു നിന്നുള്ള ആൾ തന്നെ വേണമെന്നാണ് ആർഎസ്എസ് നിർദേശിച്ചതെന്നാണ് വിവരം. കൗൺസിലർമാരിൽ ഒരു വിഭാഗം ശ്രീലേഖയെ മേയറാക്കുന്നതിൽ ശക്തമായ എതിർപ്പ് അറിയിച്ചതായാണ് സൂചന.

രാജേഷിനെ പൂർണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാൾ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോൾ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തിൽ നിന്നുള്ള ഏതാനും മുതിർന്ന നേതാക്കൾ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളെത്തുടർന്ന് ശ്രീലേഖയെ മേയറാക്കാമെന്ന ഏകദേശ ധാരണയിലെത്തിയിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി കേന്ദ്രനേതൃത്വവുമായി ചർച്ചകൾ നടത്തിവരികയാണ്. ഇന്നു വൈകീട്ടോടെ മേയർ സ്ഥാനാർത്ഥി ആരെന്നതിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നാളെയാണ് കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുക. വി വി രാജേഷ് മേയറായാൽ, ശ്രീലേഖയെ ഡെപ്യൂട്ടി മേയർ പദവിയിലേക്ക് പരിഗണിച്ചേക്കും. ഡെപ്യൂട്ടി മേയർ സ്ഥാനം ഇക്കുറി വനിതാ സംവരണമാണ്.