ആർ.ശ്രീലേഖയുടെ പേരില്ല; വി.വി. രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥി, ആശാ നാഥ് ഡപ്യൂട്ടി മേയറാകും

തിരുവനന്തപുരം: ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി. രാജേഷിനെ മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. ഇന്നലെ വരെ മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരിനായിരുന്നു മുൻതൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടർന്നാണ് തിരുവനന്തപുരം മേയർ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്. ശ്രീലേഖയെ മേയറാക്കുന്നതിൽ ബിജെപി കൗൺസലർമാർക്കിടയിൽ ഭിന്നതയും ഉണ്ടായിരുന്നു.

രാജേഷിനെ പൂർണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാൾ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോൾ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തിൽ നിന്നുള്ള ഏതാനും മുതിർന്ന നേതാക്കൾ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ആർഎസ്എസ് നേതൃത്വവും വി വി രാജേഷിനെയാണ് പിന്തുണച്ചത്. ഇതോടെയാണ് ശ്രീലേഖയുടെ മേയർ സ്ഥാനാർത്ഥിത്വത്തിൽ മാറ്റമുണ്ടായത്.

രാജേഷിനെ തഴയുന്നതിൽ വി മുരളീധരപക്ഷം ജെ പി നഡ്ഡയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് ബിജെപി നേതാക്കൾ ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ധരിപ്പിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആകുന്നത്. കൊടുങ്ങാനൂർ ഡിവിഷനിൽ നിന്നാണ് രാജേഷ് വിജയിച്ചത്. ശ്രീലേഖയെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിപ്പിക്കില്ല. ആശാ നാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും. നാളെയാണ് കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുക. 101 അംഗ നഗരസഭയിൽ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചത്.