ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ ക്ഷണിക്കാതെയെത്തി മുഖ്യകർമിയായി ‘സുനിൽ സ്വാമിയുടെ പ്രകടനം’; ഇയാൾ നിരവധി തട്ടിപ്പുകേസിൽ ജയിലിൽ കിടന്നയാൾ

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിലെ സുനിൽദാസ് എന്ന സുനിൽ സ്വാമിയുടെ സാന്നിധ്യത്തെ ചൊല്ലി വിവാദം. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന് സുനിൽ ദാസ് നേതൃത്വം നൽകിയത്. ആരാണീ കർമിയെന്ന് അന്തരിച്ച ശ്രീനിവാസന്റെ കുടുംബത്തിന് ഇയാളെ അറിയില്ല. കുടുംബം വേർപാടിന്റെ വേദനയിൽ നീറുമ്പോൾ അവരുടെ അനുമതിയില്ലാതെ സംസ്‌കാര ചടങ്ങിന്റെ കാർമികത്വം സ്വയം ഏറ്റെടുത്തതാണ് സുനിൽദാസ്.

കുടുംബം തീരുമാനിച്ച കർമികളെ മറികടന്ന് സുനിൽദാസ് എന്ന സുനിൽ സ്വാമിയുടെ പ്രകടനമായിരുന്നു അവിടെ. പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ പലവിധ തട്ടിപ്പുകൾ നടത്തിയയാളാണ് ഈ സുനിൽ ദാസ്’ നിരവധി കേസുകൾ സുനിൽ ദാസിനെതിരെയുണ്ട്. കേരള പൊലീസും തമിഴ്‌നാട് പൊലീസുമൊക്കെ ഇയാൾക്കെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്.

നിരവധി തട്ടിപ്പു കേസുകളിൽ ജയിലിലും കിടന്നിട്ടുണ്ട് സുനിൽ ദാസ്. കോയമ്പത്തൂരിലെ വ്യവസായിയിൽ നിന്ന് മൂന്നര കോടി രൂപ തട്ടിയെടുത്തത് റിസർവ് ബാങ്കിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയായിരുന്നു. 3000 കോടി റിസർവ് ബാങ്കിൽ നിന്ന് കിട്ടാനുണ്ടെന്നാണ് വ്യാജ കത്തിൽ ഇയാൾ പറഞ്ഞിരുന്നത്. ഈ കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കിടന്നിട്ടുണ്ട് സുനിൽ ദാസ്. വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ തിരുന്നാവായ സ്വദേശി മാധവ വാരിയരോട് അഞ്ചരക്കോടി വാങ്ങി തിരിച്ചു കൊടുത്തിരുന്നില്ല. അതിൽ മുംബൈ കോടതിയിൽ നിന്നാണ് സുനിൽ ദാസ് ജാമ്യമെടുത്തത്.