തലസ്ഥാന നഗരിയുടെ മേയറായി വി.വി. രാജേഷ്; സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കും മുൻപേ ശ്രീലേഖ മടങ്ങി

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായാണ് ഒരു കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. എന്നാല്‍ ഈ സന്തോഷത്തിന് മങ്ങലേല്പിക്കുന്നതായിരുന്നു പാര്‍ട്ടിക്കിടയിലെ തന്നെ ഭിന്നത. പാർട്ടിയുടെ മുഖമായിരുന്ന ആർ ശ്രീലേഖയുടെ മടക്കം ആഘോഷങ്ങളുടെ തിളക്കം കുറച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ അവർ ഹാൾ വിട്ടിറങ്ങിയത് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനിൽക്കാതെ ശ്രീലേഖ മടങ്ങിപ്പോകുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂര്‍ണമാകും മുമ്പ് തന്നെ ശ്രീലേഖ മടങ്ങുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ തനിച്ച് സ്വന്തം കാറ് വരുത്തിയാണ് തിരികെ പോയത്.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ആളായിരുന്നു ആർ. ശ്രീലേഖ. എന്നാൽ, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി നിന്ന് മികച്ച വിജയം നേടിയ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരത്തിലാണ് ശ്രീലേഖ. തന്റെ അതൃപ്തി അവർ ബിജെപി നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗിക ചടങ്ങുകൾ അവസാനിക്കും മുൻപേ അവർ മടങ്ങിയത്. ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിൽ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റോ അല്ലെങ്കിൽ കേന്ദ്ര തലത്തിൽ നിർണ്ണായകമായ മറ്റ് പദവികളോ നൽകി അവരെ അനുനയിപ്പിക്കാനാണ് നീക്കം.
അതേസമയം 51 വോട്ടുകൾ നേടിയാണ് വി.വി. രാജേഷ് തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ 50 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകൾ രാജേഷിന് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ആർപി ശിവജിക്ക് 29 വോട്ടും യുഡിഎഫിന്റെ കെഎസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു. കോൺഗ്രസിലെ മുതിർന്ന അംഗം കെ.ആർ. ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകൾ ഒപ്പിട്ടതിലെ പിഴവ് മൂലം അസാധുവായി.