വികെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവം; മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് ശ്രീലേഖ

തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎൽഎ കോർപറേഷൻ കെട്ടിടത്തിൻറെ താഴത്തെ നില മുഴുവൻ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് ആർ ശ്രീലേഖ. വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ. അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷൻറെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തൻറെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തൻറെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട്‌ ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗൺസിലർ ആർ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷൻറെ കെട്ടിടത്തിലാണ് പ്രശാന്തിൻറെ ഓഫീസ്. തൻറെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.

കൗൺസിൽ തീരുമാന പ്രകാരമാണ് പ്രശാന്തിൻറെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവർത്തിക്കുന്നത്. അടുത്ത മാർച്ച് വരെ ഇതിൻറെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.

കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷൻറെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം. കോർപറേഷൻ നിശ്ചിത തുക ( മാസം പരമാവധി 8000 രൂപ) വാടക നൽകും.