കെഎസ്ആർടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാൾ ഒരു രൂപ കുറവ്

തിരുവനന്തപുരം: കെഎസ്ആർടിസിയും കുപ്പിവെള്ള വിൽപ്പനയിലേക്ക്. യാത്രക്കാർക്ക് വിപണി വിലയേക്കാൾ ഒരു രൂപ കുറവിൽ കെഎസ്ആർടിസി ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളിൽ കുപ്പിവെള്ളം വാങ്ങാൻ കടകൾ തേടി യാത്രക്കാർ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.

കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാൻ കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ഒരു കുപ്പിവെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും നൽകും. ഉൽപ്പാദകരിൽ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആർടിസിയുടെ ലേബലിലാണ് വിതരണം ചെയ്യുക. കുപ്പിവെള്ളം സൂക്ഷിക്കാൻ ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവർ ഉപയോഗിക്കുന്ന കുപ്പിവെള്ളം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.