ഉപഭോക്താക്കൾക്ക് നേരെ കത്തിവീശിയ സംഭവം: മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘർഷത്തിന് മുതിർന്ന മാനേജറെ പുറത്താക്കി ചിക്കിങ്. കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി മാനേജ്‌മെന്റിന്റെ ഇടപെടൽ. സാൻഡിവിച്ചിൽ ചിക്കൻ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാർഥികളുമായി ഉണ്ടായ തർക്കമാണ് നടപടിക്ക് ആധാരം. വിദ്യാർത്ഥികളോടെ കയർക്കുകയും പിന്നീടെത്തിയ ഇവരുടെ സുഹൃത്തുക്കൾക്ക് നേരെ കത്തിവീശിയും ജോഷ്വ ഔട്ട്‌ലറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും വലിയ തോതിൽ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിക്കിങ് മാനേജ്‌മെന്റിന്റെ ഇടപെടൽ.

ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ ഫോർട്ട് കൊച്ചി സ്വദേശിയായ ജോഷ്വാ നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരു കൂട്ടരുടെയും പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ സിബിഎസ്ഇ സ്‌കൂൾ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികൾ പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിങിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. വിദ്യാർഥികളുമായുള്ള തർക്കത്തിൽ ബന്ധുക്കളായ സഹോദരന്മാർ ഇടപെട്ടതോടെയാണ് കയ്യാങ്കളിയിലേക്ക് സാഹചര്യം എത്തിയത്. വിദ്യാർത്ഥികൾക്ക് ഒപ്പം എത്തിയവർ തന്റെ മൊബൈൽ തട്ടിപ്പറിച്ച് ഓടിയെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നും മാനേജറുടെ മൊഴി. ചിക്കിംഗ് ജീവനക്കാരാണ് കയ്യേറ്റം തുടങ്ങിയതെന്നാണ് മറു പക്ഷത്തിന്റെ വാദം. പരിക്കുകളുമായി ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി.