ഗേറ്റ് കീപ്പർമാരെ കാണാനല്ല പെരുന്നയിൽ വരുന്നത്; മന്നത്ത് ആചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബംഗാൾ ഗവർണർ

ന്യൂഡൽഹി: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. താൻ ഗവർണറായി സ്ഥാനമേൽക്കും മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല. എല്ലാ നായൻമാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നത്. മന്നംസമാധിയിൽ പുഷ്പാർച്ച നടത്തുകയെന്നത് നായർ സമുദായ അംഗങ്ങളുടെ അവകാശമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മന്നം ജയന്തി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എനിക്ക് വളരെ സങ്കടകരമായ ഒരുകാര്യം ഉണ്ടായി. അത് നിങ്ങളുമായി തുറന്നുപറയാൻ ആഗ്രഹിക്കുകയാണ്. ഗ്രാമപ്രദേശത്തെ മലയാളം മീഡിയത്തിൽ പഠിച്ചയാളാണ് ഞാൻ. ദൈവാനുഗ്രഹം കൊണ്ടും കരയോഗത്തിൽ നിന്നുകിട്ടിയ ശിക്ഷണം കൊണ്ട് ഐഎഎസ് കിട്ടി.

ഒരുദിവസം ഇന്ത്യയുടെ പ്രധാനമന്ത്രി വിളിച്ചിട്ട് പറഞ്ഞു. ആനന്ദബോസ് ഒന്നു കാണണം. എന്നിട്ട് പറഞ്ഞു. ബംഗാളിന്റെ ഗവർണറാകണം. എന്നെ ആ സ്ഥാനത്ത് എത്തിച്ചത് കരയോഗമാണ്. ഇത് മനസിൽ വച്ചുകൊണ്ട് ടെലിഫോണിൽ ഞാൻ ഒരു അപേക്ഷ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചു. എനിക്ക് പശ്ചിമബംഗാൾ ഗവർണറായി ചുമതലയെടുക്കുന്നതിന് മുൻപ് മന്നത്തിന്റെ സ്മാരകത്തിൽ പുഷ്പാഞ്ജലി നടത്തണമെന്ന്. അതിന്റെ ഭാഗമായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അപ്പോയിന്റ്‌മെന്റ് കിട്ടി. ഞാൻ അവിടെ ചെന്നു. അദ്ദേഹം എന്നെ കാറിന്റെ ഡോർ തുറന്ന് സ്വീകരിച്ചു. ചായ തന്ന് സംസാരിച്ച് കാറിൽ കയറ്റി തിരികെ അയക്കുകയും ചെയ്തു’. ‘സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യമൊന്നും പറഞ്ഞില്ല.

എനിക്ക് സമാധിയിൽ പുഷ്പാർച്ചന നടത്താൻ അവകാശമില്ലേ?. നായർ സമുദായത്തിൽ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്ത് ആചാര്യന്റെ സമാധിയിൽ പോയി പുഷ്പാർച്ചന നടത്തുകയെന്നത് ഓരോരുത്തർക്കും അവകാശപ്പെട്ടതല്ലേ?. ഇത് ഒരാളുടെ മാത്രം കുത്തകയാണോ?. പണ്ട് സനകകുമാരൻമാർ മഹാവിഷ്ണുവിനെ കാണാനെത്തി. കാവൽക്കാരായ ജയവിജയൻമാർ തടഞ്ഞു. അവർക്ക് ശാപംകിട്ടി അവർ ഭൂമിയിൽ പതിച്ചു. കാവൽക്കാർ ഒരു കാര്യം ഓർക്കണം. ഗേറ്റ് കീപ്പർമാരെ കാണാൻ അല്ല പെരുന്നയിൽ വരുന്നത്. ഇപ്പോഴുള്ളവരെ ബഹുമാനിക്കുന്നു. എന്നാൽ മന്നത്ത് ആചാര്യനെ ബഹുമാനിക്കാൻ അവസരം കിട്ടുന്നില്ലെന്നത് സങ്കടകരമാണ്. ഏതൊരു നായർ യുവാവിനും യുവതിക്കും ഒരു നേട്ടം കിട്ടുമ്പോൾ മന്നത് ആചാര്യന് മുന്നിൽ പ്രണാമിക്കാനും പുഷ്പാഞ്ജലി നടത്താനും അവസരം ഉണ്ടാക്കണം. ഇന്ദ്രപ്രസ്ഥത്തിൽ മന്നത്ത് ആചാര്യന് വേണ്ടി ഒരു സ്മാരകം പണിയണം’- ആനന്ദബോസ് പറഞ്ഞു.