എന്റെ ഡെലൂലൂ, നിന്നെയോർത്ത് അഭിമാനം: അനിയത്തിയെ പ്രശംസിച്ച് ഹൃദു

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ ‘ഡെലൂലു’ ആണ് ഇപ്പോള്‍ താരം. ഡെലൂലു ആയി റിയ പ്രേക്ഷകമനം കവർന്നതിന് പിന്നാലെ, അനുജത്തിക്കായി നടൻ ഹൃദു പങ്കുവച്ച വൈകാരികമായ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. റിയയുടെ കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഹൃദു തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

‘‘എന്റെ ഡെലൂലൂ (മായ), നിന്റെ സഹോദരനായതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു, നിന്നെയോർത്ത് അഭിമാനിക്കുന്നു, ഒപ്പം ദൈവത്തോട് കടപ്പാടുള്ളവനുമാണ്” എന്നായിരുന്നു ഹൃദുവിന്റെ വാക്കുകൾ. ‘സർവ്വം മായ’യിലെ റിയയുടെ കഥാപാത്രത്തിന്റെ പേരായ ‘ഡെലൂലു’ എന്നതിനൊപ്പം ‘മായ’ എന്ന് കൂടി ചേർത്താണ് താരം തന്റെ പ്രിയപ്പെട്ട അനുജത്തിയെ വിശേഷിപ്പിച്ചത്. എന്റെ ഡെലുലുവിന് നന്ദി എന്നാണ് ഹൃദവിന്റെ കുറിപ്പിന് റിയ മറുപടി നൽകിയത്. ജെൻ-സി തലമുറയുടെ പ്രിയപ്പെട്ട വാക്കായ ‘ഡെല്യൂഷണൽ’ എന്നതിന്റെ ചുരുക്കപ്പേരാണ് ഡെലൂലു. ചിത്രത്തിൽ റിയ അവതരിപ്പിച്ച ക്യൂട്ട് പ്രേതത്തിന്റെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ഈ പേര് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 19-ാം വയസ്സിൽ നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച റിയ, അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ മകളായ റിയ, വലിയ സിനിമകളുടെ പിന്നണിയിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോൾ വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് റിയയുടെ സഹോദരൻ ഹൃദു ഹാറൂൺ. പായൽ കപാഡിയയുടെ ചിത്രത്തിലെ ഹൃദുവിന്റെ പ്രകടനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ നേടിയിരുന്നു. ‘തഗ്‌സ്’, ‘മുംബൈക്കാർ’, ‘മുറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ സാന്നിധ്യമറിയിച്ചു.