നടി സനേഹ ശ്രീകുമാറിനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ രംഗത്ത്. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ സ്‌നേഹ പ്രതികരിച്ചിരുന്നു. ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചുമായിരുന്നു സ്‌നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയാണ് സത്യഭാമയുടെ പുതിയ ഫെയ്സ്ബുക്ക് വീഡിയോ. വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ നടത്തിയാണ് സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചിരിക്കുന്നത്.

”മറിമായത്തിലാണ് എന്നെ വിഷമിപ്പിച്ച, എനിക്കെതിരെ പോസ്റ്റിട്ട ഒരുത്തി ഉള്ളത്. നിങ്ങൾക്ക് എല്ലാവർക്കും അവളെ അറിയാം, ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി. കലാമണ്ഡലത്തിൽ ഓട്ടൻതുള്ളൽ പഠിച്ച ഒരുത്തി.. ഇവൾ എന്തു തുള്ളൽ ആണ് പഠിച്ചതെന്ന് പോലും എനിക്കറിഞ്ഞുകൂടാ. അവൾ എന്നെ വിശേഷിപ്പിച്ചത് ‘ഈ സ്ത്രീ’ എന്നാണ്. അവർ പറഞ്ഞതെല്ലാം എന്റെ ഫോണിൽ സേവ് ചെയ്തു വച്ചിട്ടുണ്ട്. എനിക്കിങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് നീ വിചാരിച്ചില്ല. ഇന്റർവ്യൂവിൽ ഡാൻസിന് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടൻതുള്ളൽ എടുത്തത്. ഓട്ടൻതുള്ളൽ ആണോ തുള്ളുന്നത്. നീ പഠിച്ച തൊഴിൽ ആദ്യം കൈകാര്യം ചെയ്യ്.” സത്യഭാമ പറയുന്നു. നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീൽഡിൽ ഇറങ്ങിയതാണ് ഞാൻ.


നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാൻ വേണ്ടിയല്ലേ അഭിനയിക്കാൻ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. അന്തസ് ആയിട്ടാണ് ഞാൻ കലാമണ്ഡലത്തിൽ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടിൽ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാൻ വന്നു കളിക്കാം. എന്നെ വിമർശിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭർത്താവ് പീഡനക്കേസിൽ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങൾ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്. ഒരാളെ അറിയാതെ വെറുതെ പറയരുത്”, തുടങ്ങി അതിരൂക്ഷമായ ഭാഷയിലാണ് സ്നേഹക്കെതിരെ സത്യഭാമ അധിക്ഷേപ വീഡിയോ പങ്കുവച്ചിരിക്കുന്നത്.























