നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളം കാണിയാമ്പലിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ചിറ്റഞ്ഞൂർ കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (25), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിക്കാണ് അപകടം.

കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.