സ്റ്റൈലിഷ് ലുക്കിൽ കാവ്യ മാധവൻ; ഓസ്ട്രേലിയയിൽ മകൾക്കും ചേട്ടന്റെ മക്കൾക്കുമൊപ്പം അവധി ആഘോഷം

മലയാളി പ്രഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും കാവ്യ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ‌ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സഹോദരൻ മിഥുൻ മാധവന്റെ കുട്ടികൾക്കും മഹാലക്ഷ്മിക്കുമൊപ്പം ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങളാണ് കാവ്യ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. അനൗക, റുവാൻ എന്നിങ്ങനെയാണ് ചേട്ടന്റെ കുട്ടികളുടെ പേരുകൾ.

കൂടാതെ ജീൻസും ഷർട്ടും കൂളിങ് ഗ്ലാസുമായി മറ്റൊരു സ്റ്റൈലിഷ് ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ കാവ്യ ഇപ്പോൾ ചേട്ടൻ മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ്. മിഥുനും ഭാര്യ റിയയും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. അവധി ദിനം ആഘോഷിക്കാൻ കാവ്യ പലപ്പോഴും ഓസ്ട്രേലിയയിൽ എത്താറുണ്ട്. 2014 ലായിരുന്നു മിഥുൻ മാധവന്റെ വിവാഹം. കണ്ണൂർ സ്വദേശിനിയാണ് റിയ.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.