കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയ്ക്കെതിരെ രൂക്ഷവിമർശനവുമായി വിചാരണക്കോടതി. കോടതിയിലെത്തിയത് 10 ദിവസത്തിൽ താഴെ മാത്രമാണെന്നും ഉള്ളപ്പോഴാണെങ്കിൽ ഉറങ്ങാറാണ് പതിവെന്നും ജഡ്ജി ഹണി എം വർഗീസ് ആരോപിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പരാമർശം.

അതിജീവിതയെ അപമാനിച്ച കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെ ഇന്ന് ടി ബി മിനി എത്തിയില്ലേ എന്ന് കോടതി ചോദിച്ചു. കേസിലെ വിചാരണ നടപടികൾ നടക്കുന്ന സമയത്ത് പത്ത് ദിവസത്തിൽ താഴെയാണ് എത്തിയത്. ഉള്ളപ്പോഴാണെങ്കിൽ ഉറക്കവും. വിശ്രമിക്കാനുള്ള സ്ഥലമാണോ ഇതെന്നും കോടതി ചോദിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടാണ് കോടതിയേയും കോടതി വിധിയേയുമൊക്കെ വിമർശിക്കുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. എന്നാൽ ഇത് കോടതിയുടെ അപക്വമായ പ്രസ്താവനയായി മാത്രമാണ് കാണുന്നതെന്നും താൻ കഴിഞ്ഞ 5 വർഷമായി ഈ കേസുമായി നടന്ന ഒരാളാണെന്നും ടി ബി മിനി പ്രതികരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ പറയട്ടെ താൻ പോയിട്ടില്ലെന്ന്. ഹൈക്കോടതി പറയട്ടെ. കേസ് കോടതിയിൽ തീർന്നതാണ്. ഇന്ന് പരിഗണിക്കുന്നത് കോടതിയലക്ഷ്യ ഹർജികളാണ്. അതിൽ സീനിയറായ ഞാൻ തന്നെ പോകണമെന്നില്ല. ജൂനിയർ അഭിഭാഷക പോയിട്ടുണ്ട്. എനിക്ക് ഹൈക്കോടതിയിൽ മറ്റൊരു കേസിന്റെ വാദം നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് പോയേ മതിയാകൂ. കോടതി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതിനോട് എന്ത് പറയാനാണെന്നും ടി ബി മിനി പ്രതികരിച്ചു.

























