സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്നു മുതൽ

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു ഇന്ന് തുടക്കം. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. രാവിലെ 10നു എക്‌സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു മത്സരങ്ങൾ നടക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്‌കെ. ഉമേഷ് പതാക ഉയർത്തും.

മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബികെ ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാർഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ രാജൻ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സുരക്ഷയ്ക്കായി10 എസ്ഐ മാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ സ്ത്രീ സൗഹൃദ ടാക്സികളും സർവീസ് നടത്തും. ഇപ്രാവശ്യവും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്.