തിരുവല്ലയിലെ ഹോട്ടലിൽ യുവതിയുമായി വന്നു, ഒരു മണിക്കൂർ ചെലവഴിച്ചു; സമ്മതിച്ച് രാഹുൽ

പത്തനംതിട്ട: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി.

ഹോട്ടലിലെ റജിസ്റ്ററിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. റജിസ്റ്ററിൽ സംഭവദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുൽ ബി.ആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ സംഭവദിവസം ഇവർ ഹോട്ടലിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു.

ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിൽ ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞതായാണ് വിവരം. ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ എത്തിയിരുന്നതായും രാഹുൽ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി.