വണ്ടൂർ (മലപ്പുറം): കരുവാരകുണ്ടിൽനിന്നു കാണാതായ 14 വയസ്സുകാരിയായ ദലിത് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കരുവാരകുണ്ടിലെ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഇതേ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ 16 വയസ്സുകാരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 14കാരിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട 14കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചു കൈകൾ മുന്നിലേക്കു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പിടിയിലായ വിദ്യാർഥി പൊലീസിനു മൊഴി നൽകിയതായാണു വിവരം.

പെൺകുട്ടിയുടെ വസ്ത്രങ്ങൾ അടങ്ങിയ സ്കൂൾ ബാഗും ചെരിപ്പും പരിസരത്തുനിന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കാരണമെന്താണ് തുടങ്ങിയ സംശയങ്ങൾക്കൊന്നും ഉത്തരമായിട്ടില്ല. വ്യാഴാഴ്ച രാവിലെ അനുജത്തിക്കൊപ്പം സ്കൂളിലേക്കു പുറപ്പെട്ട പെൺകുട്ടി സ്കൂൾ ഗേറ്റ് വരെ ചെന്നെങ്കിലും ക്ലാസിൽ എത്തിയിരുന്നില്ല. വൈകിട്ട് വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതാവ് പൊലീസിനെ അറിയിച്ചു. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു കണ്ടെത്താൻ ശ്രമം നടത്തി. ഇതിനിടെ വൈകിട്ട് 6ന് പെൺകുട്ടി വീട്ടിലേക്കു വിളിച്ച് ഉടൻ എത്താമെന്നു പറഞ്ഞെങ്കിലും എത്തിയില്ല.


പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയും 16 വയസ്സുകാരനും തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി കണ്ടെത്തിയത്. അതിനിടെ നാട്ടുകാരും ബന്ധുക്കളും കണ്ടെത്തിയ വിദ്യാർഥിയോടു ചോദിച്ചപ്പോൾ പെൺകുട്ടിയുമായി വൈകിട്ടു പിരിഞ്ഞെന്നും പിന്നീട് കണ്ടില്ലെന്നും അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു വിദ്യാർഥിയുമായി നടത്തിയ തിരച്ചിലിൽ തൊടികപ്പുലത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.























