തിരുവനന്തപുരം: ശബരിമലയിൽ വൻ സ്വർണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം കുറവാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. 1998 ൽ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വർണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

1998 ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വർണത്തിൽ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഗതി തന്നെ നിർണയിക്കുന്ന റിപ്പോർട്ടാണ് വിഎസ് എസ് സി വെള്ളിയാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. മുദ്ര വെച്ച കവറിൽ സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോർട്ട് വിശദമായി പഠിച്ച് എസ്ഐടിയുടെ വിലയിരുത്തൽ അടക്കമുള്ള റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിക്കുക. എസ്ഐടി തലവൻ എഡിജിപി എച്ച് വെങ്കിടേഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിക്കുമെന്നാണ് സൂചന.

























