തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളിൽ മോദി തുടർച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതൽ 11.20 വരെയുള്ള റെയിൽവേയുടെ പരിപാടിയിൽ മോദി പങ്കെടുക്കും.

4 ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അതേ വേദിയിൽ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങിൽ നടത്തും. 12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും.

























