മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തുന്നതോടെയാണ് മഹാമാഘ മഹോത്സവത്തിനു തുടക്കമാകുക. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽനിന്ന് ഇന്നലെ ഘോഷയാത്രയായി എത്തിച്ചു. മഹോത്സവത്തിന്റെ ഭാഗമായുള്ള സ്നാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും.

വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാർ നിളാ സ്നാനത്തിനായി തിരുനാവായയിൽ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരിൽ കുംഭമേള നടക്കുന്നത്. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.


ഇന്നലെ മൗനി അമാവാസി ദിനത്തിൽ തിരുനാവായയിൽ കാലചക്രം ബലി പൂജ നടന്നു. ആചാര്യൻ കുഞ്ഞിരാമൻ പണിക്കരാണ് നേതൃത്വം നൽകിയത്. നൂറിലേറെ വർഷങ്ങൾക്കു ശേഷമാണ് നിളാ തീരത്ത് ഈ പൂജ നടന്നത്. ഇന്നലെ രാവിലെ ആറ് മുതൽ ശ്മശാന ശ്രാദ്ധം എന്ന പിതൃകർമവും നടന്നു. ഐവർമഠത്തിലെ ആചാര്യൻ കോരപ്പത്ത് രമേശാണ് നേതൃത്വം നൽകിയത്.
കഴിഞ്ഞ ദിവസം തിരുനാവായയിൽ വേദശ്രാദ്ധ കർമം നടന്നിരുന്നു. ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും നടത്തി. യജുർവേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നേതൃത്വം നൽകി. ഇന്ന് മുതൽ നവകോടി നാരായണ ജപാർച്ചന തുടങ്ങും. ക്ഷേത്രങ്ങളിൽ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്കു മാഘ വൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നൽകും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽ സദസുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും.
ഇന്ന് മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകൾ നടക്കും.
കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേർന്ന് വൻ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ 9 തഹസിൽദാർമാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങൾ ഇവിടെയെത്തും. 150 പേർ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതൽ സേനാംഗങ്ങളെ എത്തിക്കും.























