ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്.

നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഷാഫി പറമ്പിൽ കോടതിയിൽ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന നിലവിൽ ഇടതുപക്ഷത്തേക്ക് മാറിയ പി സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു.

നേരത്തെ കോടതിയിൽ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.