സ്റ്റേഷനു മുന്നിൽ കാർ നിർത്തി മദ്യപാനം; ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് പൊലീസുകാർ മദ്യപിച്ച സംഭവത്തിൽ നടപടി. കാറിനകത്ത് ഇരുന്ന് മദ്യപിച്ച ഗ്രേഡ് എഎസ്ഐ അടക്കം ആറ് പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു.

ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരാണ്. ഗ്രേഡ് എഎസ്ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ (സിപിഒ) രതീഷ്, മനോജ്, അരുൺ, അഖിൽരാജ്, മറ്റൊരു സിപിഒ ആയ അരുൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ ഉദ്യോഗസ്ഥർ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. നടപടി ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പൊലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോർപിയോ കാറിൽ ഇരുന്നാണ് ഇവർ മദ്യപിച്ചത്. സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. വാഹനമോടിക്കുന്ന സിപിഒ ഉൾപ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.