തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ രംഗത്ത്. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

“വീട്ടിൽ പ്രായമായ അമ്മയുണ്ട്, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. ട്രെയിൻ യാത്രയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചപ്പോൾ പകരം വിമാന യാത്ര പാർട്ടി നിർദേശിച്ചു. എന്നാൽ പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു.” ശ്രീലേഖ പറഞ്ഞു. അതേസമയം ട്രെയിൻ യാത്രയ്ക്ക് എത്താതിരുന്നത് നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന റിപ്പോർട്ടുകൾ ശ്രീലേഖ തള്ളി.


പൈസ അനാവാശ്യമായി ചെലവാക്കുന്നതിൽ മടിയുള്ള വ്യക്തിയാണ് താനെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പണം കുറച്ചുമാത്രമാണ് ചെലവാക്കിയതെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.























