കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് തട്ടിയെടുത്ത സ്വർണമാല വിഴുങ്ങിയ സമീനയുടെ വയറ്റിൽ മറ്റൊരു ആഭരണം കൂടി കണ്ടെത്തി. ഒരു കമ്മലാണ് യുവതിയുടെ വയറ്റിൽ കണ്ടെത്തിയത്. എനിമ നൽകി വയറ്റിൽ നിന്നും മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള യുവതിയുടെ എക്സറേ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

ഒരു കമ്മലാണ് യുവതിയുടെ വയറ്റിൽ കണ്ടെത്തിയത്. പുതിയതായി നടത്തിയ എക്സറേ പരിശോധനയിൽ ആണ് കമ്മൽ കണ്ടെത്തിയത്. കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചു എന്ന് യുവതി പൊലീസിനോട് പറിഞ്ഞിട്ടില്ല.


നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പാലേമാട് കല്ലൻകുന്നൻ സമീനയെ (35) തട്ടിപ്പറിച്ച് വിഴുങ്ങിയത്. ഇവരെ കയ്യോടെ പിടികൂടി നിലമ്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ എക്‌സ്റേ പരിശോധന നടത്തി വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു. യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും എനിമ നൽകിയിട്ടും തൊണ്ടി മുതൽ പുറത്ത് വരാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും, പിന്നീട് വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്കും മാറ്റി.
പിടികൂടി നാല് ദിവസം ആയെങ്കിലും ഇതുവരെ മാല പുറത്ത് വന്നിട്ടില്ല. എനിമ നൽകി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടർമാർ നൽകിയ നിർദേശം. അതിനിടെ ആണ് വയറ്റിനുള്ളിൽ കമ്മലും കണ്ടെത്തിയത്. മാല പുറത്ത് എടുക്കാൻ ശാസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. യുവതിക്ക് ആരോഗ്യ പ്രശ്നം ഇല്ലാതെ ശസ്ത്രക്രിയ നടത്താൻ പറ്റില്ല. അതേസമയം മാല വയറ്റിൽ നിന്നും താഴേക്ക് വന്നിട്ടുണ്ടെന്നും ഉടനെ പുറത്തെത്തുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് വനിത സി.പി.ഒമാരുടെ കാവലിലാണ് പ്രതി.























