തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; മറ്റന്നാൾ വിദേശത്ത് പോകാനിരിക്കെ മരണം

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നി (27) യാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടം.

ഉടനെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപു കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്തില്ല. കുഴി മൂടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ മുഖം തിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.