വിഴിഞ്ഞത്തെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്, റിപ്പോർട്ട് തേടി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കൊല്ലം നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചടയമംഗലം പൊലീസാണ് കേസെടുത്തത്. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കളുടെ ആരോപണം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

ആരോപണത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് റിപ്പോർട്ട് തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലിൽനിന്ന് മത്സ്യം കഴിച്ചതിനെത്തുടർന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും വീണാ ജോർജ് പറഞ്ഞു

കൊല്ലം ചടയമംഗലം സ്വദേശി ഷാജി(42), ഭാര്യാമാതാവ് റാഷിദബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ(39) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപത്തെ ‘അസ്മാക്ക്’ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് ആരോപണം. ഷാജി കുടുംബവുമൊത്താണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. മത്സ്യവിഭവമാണ് ഇവർ ഹോട്ടലിൽനിന്ന് കഴിച്ചിരുന്നത്. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടനെ ഇവർക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്കൊപ്പം ഷാജിയുടെ രണ്ടുമക്കളും ഉണ്ടായിരുന്നു. എന്നാൽ, ഇവർക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതായി വിവരമില്ല.