‘സിപിഐഎം നരഭോജി സംഘടന തലയോട്ടി വെട്ടി തകർത്ത് കൊന്ന പ്രിയപ്പെട്ടവരുടെ ഓർമ്മ ദിനം’; രാഹുൽ മാങ്കൂട്ടത്തിൽ

പെരിയ ഇരട്ടക്കൊലപാതകത്തിലെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ വാർഷികത്തിൽ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്നും, അധികാരത്തിന് പിന്നാലെ പോകുന്നവർക്കോ അവസരവാദികൾക്കോ ഈ വികാരം മനസ്സിലാകില്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിച്ച രക്തസാക്ഷികളുടേതാണ് ഈ പാർട്ടിയെന്ന് രാഹുൽ പറയുന്നു. അധികാരക്കൊടിയേക്കാൾ തന്റെ നാട്ടിലെ കൊടിമരത്തിലെ കൊടിയുടെ നിറം മങ്ങുമ്പോഴാണ് യഥാർത്ഥ പ്രവർത്തകർക്ക് നോവ് അനുഭവപ്പെടുന്നത്. സിപിഐഎമ്മിനെ ‘നരഭോജി തീവ്രവാദ സംഘടന’ എന്ന് വിശേഷിപ്പിച്ച രാഹുൽ, ശരത്തിന്റെയും കൃപേഷിന്റെയും തലയോട്ടി വെട്ടിത്തകർത്ത് കൊലപ്പെടുത്തിയ കൊലവെറി മറക്കില്ലെന്നും ഓർമ്മിപ്പിച്ചു.

അടുത്തിടെ കോൺഗ്രസിനെ തള്ളിപ്പറയുകയും പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും പരസ്യ നിലപാടുകൾ സ്വീകരിച്ച മുതിർന്ന രാഷ്ട്രീയ നേതാവ് മണിശങ്കറിനെ ലക്ഷ്യം വെച്ചും രാഹുൽ കുറിപ്പിൽ പരാമര്‍ശിച്ചു. രാഷ്ട്രീയത്തെ തൊഴിലായി കാണുന്നവർക്കും, പാർട്ടിക്കുള്ളിൽ അവസരങ്ങൾ കുറയുമ്പോൾ മറ്റു പാർട്ടിക്കാരെ മണിയടിക്കുന്ന ‘ശങ്കറുമാർക്കും’ ഈ ആവേശം മനസ്സിലാകില്ലെന്ന് രാഹുല്‍ പരിഹസിച്ചു.