‘കാരണക്കാരൻ സുഹൈൽ’; പത്തനംതിട്ട കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പൊലീസ് കസ്റ്റഡിയിൽ. കൊല്ലം പോരുവഴി സിനിമാപ്പറമ്പ് സ്വദേശിയായ സുഹൈലിനെ അടൂർ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. കടമ്പനാട് സ്വദേശിനിയായ യുവതിയെ ഈ മാസം പതിനാലാം തീയതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കടമ്പനാടുള്ള ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുള്ളത്. കുറിപ്പിൽ ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് യുവതി എഴുതിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് സുഹൈലും യുവതിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. സുഹൈലുമായുള്ള ബന്ധത്തെച്ചൊല്ലി യുവതിയും ഭർത്താവും തർക്കത്തിലേർപ്പെട്ടതായാണ് വിവരം. അതിന് പിന്നാലെയാണ് യുവതിയുടെ ആത്മഹത്യ. സുഹൈലിനെതിരെ തെളിവുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.