കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ഇംഗ്ലിഷ് പരീക്ഷയിലെ പ്രൊഫൈൽ തയാറാക്കാനുള്ള ചോദ്യത്തിലാണ് നടൻ മോഹൻലാലിന്റെ ജീവിതരേഖ ഉൾപ്പെടുത്തിയത്. പരീക്ഷാ ഹാളിലെ ഗൗരവത്തിനിടയിലും സൂപ്പർതാരത്തെക്കുറിച്ചുള്ള ചോദ്യം വിദ്യാർഥികൾക്ക് കൗതുകവും ആവേശവുമായി.

പത്തനംതിട്ടയിലെ ഇലന്തൂരിലെ ജനനം മുതൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വരെയുള്ള നേട്ടങ്ങൾ കോർത്തിണക്കിയ സൂചനകളാണ് പരീക്ഷയ്ക്ക് നൽകിയിരുന്നത്. 1978-ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ’ വില്ലനായി തുടങ്ങിയ കരിയർ, അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ നേട്ടങ്ങൾ ഉൾപ്പെടുത്തി ഒരു പ്രൊഫൈൽ തയാറാക്കാനായിരുന്നു ചോദ്യം.വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് എഴുതാൻ വന്നത് പരീക്ഷാ ഹാളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതായി വിദ്യാർഥികൾ പ്രതികരിച്ചു. ചിത്രം, മണിച്ചിത്രത്താഴ്, തന്മാത്ര, ഒടിയൻ, നേര് തുടങ്ങി മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളുടെ പട്ടികയും ‘ജയിലർ 2’, ‘വൃഷഭ’ തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചോദ്യപ്പേപ്പറിൽ സൂചനകളായി നൽകിയിരുന്നു.

























