തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവച്ചു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇരുന്ന് പ്രതിഷേധിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ.ബാബു പറഞ്ഞു. ഹൈക്കോടതിക്കെതിരെയാണ് കെ.ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം.

തന്ത്രി പ്രതിയാണോ അല്ലയോ എന്നതിൽ സർക്കാരിന് അഭിപ്രായമില്ല. കാരണം, അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ മേൽനോട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് സർക്കാരിനു ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു. മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ല. തന്ത്രിക്ക് 2 വക്കീലൻമാർ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണ അവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

























