കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സണ്‍ഷൈഡ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടൗണ്‍ പൊലീസ് കേസെടുത്തു.