രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി

തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാനിലെ ഉദയ്പുരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പുർ എന്ന പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു വിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരം വ്യാഴാഴ്ച രാവിലെ 10:10-ഓടെയായിരുന്നു വിവാഹം. ‘വിരോഷ്’ എന്ന് പേര് നൽകിയ വിവാഹം മൂന്ന് ദിവസമാണ് നീണ്ടത്.

രശ്മികയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹചിത്രങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രശ്മികയുടെ കുടുംബത്തിന്റെ പരമ്പരാഗത കൊടവ ആചാര പ്രകാരമുള്ള ചടങ്ങുകൾ വൈകീട്ട് നാല് മണിക്ക് നടക്കും. കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ എന്നിങ്ങനെ നൂറോളം പേർക്കാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ വച്ചുനടന്ന സ്വകാര്യചടങ്ങിൽ വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.