‘ടോയ്‌ലറ്റിൽ പോയ്‌ വരാം’; കുഞ്ഞിനെ സഹയാത്രികനെ ഏല്പിച്ച് അമ്മ കടന്നു; റെയിൽവേ പോലീസിന് കൈമാറി

കോഴിക്കോട്: തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ കൈക്കുഞ്ഞിനെ സഹയാത്രികനെ ഏല്പിച്ച് അമ്മ കടന്നുകള‍ഞ്ഞു. കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേയ്ക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് പുറപ്പെട്ട കോഴിക്കോട്-ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതി എട്ടുമാസമായ കുഞ്ഞിനെ സീറ്റിൽ കിടത്തി ‘ടോയ്‌ലറ്റിൽ പോയ്‌ വരാം നോക്കണം’ എന്നുപറഞ്ഞ് യാത്രക്കാരനെ ഏൽപ്പിച്ചു.

ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. ഇതോടെ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരൻ ആശങ്കയിലായി. 10.23-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച് അവിടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തുടർന്ന്, കോഴിക്കോട് റെയിൽവേ പോലീസും റെയിൽവേ ചൈൽഡ് ലൈനും ചേർന്ന് സ്റ്റേഷൻമാസ്റ്ററിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി. റെയിൽവേ സ്റ്റേഷൻ പരിസരത്തുനടത്തിയ തിരച്ചിലിൽ യുവതിയെ അവിടെത്തന്നെ കണ്ടെത്തി. കുട്ടിയെ ഒരാളെ ഏൽപ്പിച്ചു എന്നാണ് അവർ പോലീസിനോടുപറഞ്ഞത്. യുവതിക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടോ എന്ന സംശയമുണ്ട്. യുവതി നഗരത്തിൽ പലയിടത്തായി താമസിച്ചുവരുകയാണ്. മുൻപും ഈ യുവതിയുടെ ഭാഗത്തുനിന്ന് സമാന സംഭവമുണ്ടായിട്ടുണ്ട്. കുഞ്ഞിനെ സെയ്ന്റ് വിൻസന്റ് ഹോമിനുകീഴിൽ ആറുവയസ്സിനുതാഴെയുള്ള കുട്ടികളെ പാർപ്പിക്കുന്ന ഹോംലി ഹോമിലേക്ക് മാറ്റി. ശിശുേക്ഷമസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാവും കുഞ്ഞിനെ അമ്മയ്ക്ക് കൈമാറണോയെന്ന് തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണസമിതി പറഞ്ഞു.