ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. പ്രതിഷേധം കണക്കിലെടുത്ത് ജി.സുധാകരൻറെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല. സുധാകരൻറെ വീടിനു സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. ‘കുലം കുത്തികളെ കാലം വർഗ വഞ്ചകൻ’ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.

അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ പറവൂർ കിഴക്ക് നവനീതം വീടിന്റെ സമീപത്തെ വീടിന്റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്റർ പതിഞ്ഞു. ‘രക്ത സാക്ഷികൾ സിന്ദാബാദ്, വർഗവഞ്ചകനു മാപ്പില്ല, വോട്ടില്ല, സിപിഎം’ എന്നാണ് പോസ്റ്ററിലെ വരികൾ. സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ ചുമരിലും പുന്നപ്രയിലെ വിവിധ പ്രദേശങ്ങളിലും വി.എസ്.അച്യുതാനന്ദന്റെ വേലിക്കകത്ത് വീടിനു പരിസരത്തെ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. സുധാകരനെ വർഗവഞ്ചകനെന്നു വിളിച്ചുള്ള പോസ്റ്ററുകൾ പാർട്ടിയുടെ അറിവോടെയല്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. സുധാകരന്റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിൽ ആരെങ്കിലും ചെയ്തതാകാം. പോസ്റ്റർ ഒട്ടിച്ചതു തെറ്റാണെന്നും നാസർ പറഞ്ഞു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളും അടിയന്തരമായി ഇന്നലെ വിളിച്ചുചേർത്തു സുധാകരന്റെ സ്ഥാനാർഥിത്വം ചർച്ച ചെയ്തു . നാളെ വൈകിട്ട് പറവൂരിൽ പാർട്ടി ഏരിയ കമ്മിറ്റിയുടെ കീഴിൽ റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചു.

























