ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിജയ്

ചെന്നൈ: റംസാനിലെ 28-ാം നാളിൽ വിശ്വസികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മഹാബലിപുരം ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം. വിശ്വാസികൾക്കൊപ്പം നോമ്പുതുറന്ന വിജയ്, പ്രാർഥനകളിലും പങ്കെടുത്തു.

ബുധനാഴ്ച ആറുമുതൽ ഒമ്പതുവരെ മഹാബലിപുരത്തെ ഹോട്ടലിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നതായി കഴിഞ്ഞദിവസം ടിവികെ അറിയിച്ചിരുന്നു. ആയിരം പേർക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. ആറുമണിയോടെ വേദിയിലെത്തിയ വിജയ് വിശ്വാസികൾക്കൊപ്പം നോമ്പുതുറന്നു. തുടർന്ന് പ്രാർഥനകളിൽ പങ്കെടുത്തു. വെള്ള ഷർട്ടും ഇളംതവിട്ടുനിറത്തിലുള്ള പാന്റ്‌സും നിസ്‌കാരത്തൊപ്പിയും ധരിച്ചാണ് വിജയ് ചടങ്ങുകളിൽ പങ്കെടുത്തത്. വിശ്വാസികളേയും പാർട്ടി പ്രവർത്തകരേയും അഭിസംബോധനചെയ്ത് ചെറുപ്രസംഗവും വിജയ് നടത്തി.

ടിവികെ എൻഡിഎ സഖ്യത്തിൽ ചേരാനായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾ വിജയ് നിഷേധിച്ചു. മതനിരപേക്ഷ നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വിജയ് വ്യക്തമാക്കി. സഖ്യമുണ്ടാക്കാൻ പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും ടിവികെയുടെ നേതൃത്വത്തിലായിരിക്കും അടുത്ത സർക്കാർ എന്നും വിജയ് വ്യക്തമാക്കി. വിശ്വാസികൾക്ക് റംസാൻ ആശംസ നേർന്ന വിജയ് പതിവുപോലെ ‘ആത്മവിശ്വാസത്തോടെയിരിക്കുക, നല്ലത് നടക്കും, വിജയം സുനിശ്ചിതം’ എന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.