കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യറെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ കാസര്‍കോട് ഡിസിസിക്ക് കടുത്ത അതൃപ്തി. സന്ദീപ് വാര്യര്‍ക്ക് പകരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാന്‍ ആളെയിറക്കേണ്ടെന്നും മണ്ഡലത്തില്‍ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ‘കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി നിലപാട് മേല്‍ക്കമ്മിറ്റിയെ അറിയിച്ചു. അനുഭാവപൂര്‍വം പരിഗണിക്കേണ്ടത് കെപിസിസി നേതൃത്വവും എഐസിസി നേതൃത്വവുമാണ്. നേതൃത്വത്തോട് അപേക്ഷിക്കാന്‍ മാത്രമേ പറ്റൂ. ജില്ലയുടെ വികാരം മേല്‍കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ വികാരത്തിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. സന്ദീപ് വാര്യര്‍ക്ക് പകരം ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണം’- പി കെ ഫൈസല്‍ പറഞ്ഞു.


ബാലകൃഷ്ണന് പെരിയയെും തൃക്കരിപ്പൂരില്‍ പരിഗണിച്ചിരുന്നു. അതിനിടെയാണ് സന്ദീപ് വാര്യറെയാണ് കോണ്‍ഗ്രസ് തൃക്കരിപ്പൂരില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നത്.























