മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോർജ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ദാസ് പി ജോർജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാൻ കാരണമായി. ആ അവസരത്തിൽ താൻ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തിൽ ചോദിച്ച് പോയതാണെന്നും ദാസ് പി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ ഉദ്ദേശിച്ചത്, 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാൻ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സർക്കാർ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാൻ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ കാരണമായിട്ടുണ്ട്. ആ അവസരത്തിൽ ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തിൽ ചോദിച്ച് പോയി. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താൻ പാടില്ലായിരുന്നു. ഞാൻ ചെയ്തത് തെറ്റായിരുന്നു. എന്റെ ഏറ്റവും വലിയ ആരാധകനായ വ്യക്തിയാണ് പിണറായി വിജയൻ’- ദാസ് പി ജോർജ് മാധ്യങ്ങളോട് പറഞ്ഞു. കോന്നി തെരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാർട്ടി പ്രവർത്തകനോട് അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സിൽ നിന്ന് ദാസ് പി ജോർജ് സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടിൽ ചെന്ന് ചോദിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.