രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് നടപടി. നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങൾ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരീനാഥനാണ് പരാതി നൽകിയത്. സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ പത്രിക പരിഗണിക്കുന്നതു മാറ്റിവച്ചു. പരിശോധനകൾക്കുശേഷം പിന്നീട് സ്വീകരിക്കുകയായിരുന്നു. അതേസമയം മുതിർന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു.

ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷേ എന്തിനാണു അത് രാജീവ് ചന്ദ്രശേഖർ മറച്ചുവയ്ക്കുന്നുതെന്നും ശബരീനാഥൻ ചോദിച്ചു. എൻഡിഎ അക്കൗണ്ടു പൂട്ടിക്കാൻ സുവർണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തതു ഡീലാണെന്നും ശബരി പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.