പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുസ്‌ലിം ലീഗ് മുൻ നേതാവ് ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഭ അടക്കമുള്ളവർ നൽകിയ പരാതിയിലാണ് കായംകുളം പൊലീസ് ഇർഷാദിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇർഷാദിനെതിരെ കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനു ഐടി നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ഇർഷാദിനെതിരെ കേസെടുക്കാൻ ആലപ്പുഴ ജില്ല കലക്ടർ പൊലീസിന് നിർദേശം നൽകിയിരുന്നു.

ഒരു സ്ത്രീയ്ക്ക് നേരേയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകണമെന്നും നിയമം നിയമത്തിന്റെ വഴിക്കാണെന്നും പ്രതിഭ പ്രതികരിച്ചു. വ്യാപകമായി സൈബർ ആക്രമണം നേരിടുകയാണെന്നും സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നുവെന്നും പ്രതിഭ നൽകിയ പരാതിയിൽ പറയുന്നു. കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് യുഡിഎഫ് കൺവീനറും മുസ്ലിംലീഗ് നേതാവുമായ ഇർഷാദ് ഇടതു സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. വാക് ചാതുരിയും ശരീരത്തിൻറെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമർശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രസ്താവന വിവാദമായതിനു പിന്നാലെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായില്ല. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ഇർഷാദിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കി. മുസ്ലിം ലീ​ഗ് പ്രാഥമികാം​ഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.