തൃശൂർ: ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ജനങ്ങൾ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും. രാഷ്ട്രീയത്തിൽ രണ്ട് ഗുണം രണ്ട് സമം നാല് എന്ന സാധാരണ കണക്കു ശാസ്ത്രമല്ല. ആ കണക്കിലായിരുന്നു പണ്ട് കോലീബി സഖ്യം ഉണ്ടാക്കിയത്. വടകരയിലും ബേപ്പൂരും. യുഡിഎഫിനും നല്ല വോട്ടുണ്ട്, ബിജെപിക്കും വോട്ടുണ്ട്. രണ്ടും കൂടി ചേർന്നാൽ ഞങ്ങളെ പരാജയപ്പെടുത്താമെന്നായിരുന്നു പ്ലാൻ. എന്നാൽ എന്തായിരുന്നു അവസാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. അന്ന് ബിജെപിക്കാരെ ജയിപ്പിച്ചു കൊടുക്കാമെന്നായിരുന്നല്ലോ കരാർ. എന്നാൽ കാര്യങ്ങൾ പരസ്യമായതോടെ നാട്ടുകാർ എതിരായി. ഇതേത്തുടർന്ന് വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി സീറ്റിലും ഇടതുപക്ഷം നല്ല നിലയിൽ വിജയിച്ചു വന്നു. നാട്ടുകാർ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. നാടിനെയും ജനങ്ങളെയും വില കുറച്ചു കാണരുതെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവർക്കും സോദരന്മാരായി ജീവിക്കാൻ പറ്റുന്ന സ്ഥലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട്, ശുദ്ധ അസംബന്ധം പറയാൻ വിജി സതീശന് ഒരു മടിയുമില്ല. 1977 ൽ അവിടത്തെ സ്ഥിതിയെന്തായിരുന്നു എന്ന് അന്വേഷിച്ചു നോക്കണം. ആരായിരുന്നു ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്ന് അന്വേഷിക്കണം. ആർഎസ്എസ് ശാഖയ്ക്ക് മാർക്‌സിസ്റ്റ് പാർട്ടിയിൽ നിന്ന് സംരക്ഷണം കൊടുക്കാൻ ആളുകളെ അയച്ചതെന്ന് താനാണെന്ന് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നയാൾ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായി 1977 ൽ ആർഎസ്എസ് പിന്തുണയിൽ വിജയിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുമ്പോൾ ആർഎസ്എസ് എങ്ങനെയാണ് കണ്ടിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാം. പലപ്പോഴായി ഞാനത് പറഞ്ഞിട്ടുമുണ്ട്. അവരുടെ ആക്രമണം ഏതു ഘട്ടത്തിലും വരാമെന്ന നില ഉണ്ടായിരുന്നുവെന്ന് അന്ന് കണ്ണൂരിലുണ്ടായിരുന്നവർക്ക് അറിയാം. ആക്രമണത്തിന്റെ പ്രധാന ടാർജറ്റ് ഞാനായിരുന്നു. ഇപ്പോൾ കുറച്ചു ദശാബ്ദം കഴിഞ്ഞു എന്നുള്ളതുകൊണ്ട് എന്തു നുണയും അവതരിപ്പിക്കാം എന്നാണ് അവർ കരുതുന്നത്. നുണയാണല്ലോ കോൺഗ്രസ് പ്രധാനമായും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും’ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


ആരാണ് ആർഎസ്എസുമായി ബന്ധപ്പെട്ടതെന്ന് പരിശോധിക്കണം. കേരളത്തിന്റെ ജനസമ്മതനായ ഇഎംഎസിനെ പട്ടാമ്പിയിൽ തോൽപ്പിക്കാൻ ആർഎസ്എസുമായി ആരാണ് കൂട്ടുചേർന്നത്?. കോൺഗ്രസ് ബന്ധപ്പെട്ടതിന്റെ ഭാഗമായി ജനസംഘത്തിന്റെ സ്ഥാനാർത്ഥിയെ പിൻവലിച്ചു. അതുമാത്രമല്ല, ഇഎംഎസിനെതിരെ പ്രചാരണം നടത്താൻ ജനസംഘത്തിന്റെ അഖിലേന്ത്യാ നേതാവായ ദീൻദയാൽ ഉപാധ്യായ വന്നില്ലേ?. അതൊക്കെ ചരിത്രമല്ലേ. കുറേക്കാലം കഴിഞ്ഞ് എകെജി പാലക്കാട് പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ കോൺഗ്രസിനും ആർഎസ്എസിനും കൂടി ഒരു സ്ഥാനാർത്ഥിയാണ് ഉണ്ടായിരുന്നത്. ആർഎസ്എസിന്റെ ജില്ലാ കാര്യവാഹക് ആയിരുന്നു അന്ന് സ്ഥാനാർത്ഥി. ഇങ്ങനെ നാണം കെട്ട ഒരുപാട് കാര്യം ചെയ്തവരാണ്. ഇതെല്ലാം ചെയ്ത് നാടിനു മുന്നിൽ കാണിച്ചവര് അക്കാലത്തും പിന്നീടും ഇക്കാലത്തും നാളെയും വർഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന ഞങ്ങൾക്കും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം നടത്തിയാൽ ചെലവാകുന്ന കാര്യമാണോ?. ഞങ്ങൾക്ക് ആ പണിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്ന ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടെ നാടിനെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ളതുപോലെ അപര മത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.























